നേരറിയാൻ
എവിടെ നോക്കേണ്ടു നേരൊന്നറിഞ്ഞിടാൻ, എന്തുഞാൻ കാണേണ്ടു സത്യം നുണഞ്ഞിടാൻ, എങ്ങുമെന്നും കേൾപ്പതു തങ്ങൾതൻ ഭാഷ്യം മൂകസാക്ഷികളായിന്ദ്രീയങ്ങളഞ്ചും ; എന്തിനോവേണ്ടി ത്രസിക്കുന്നതെൻഹൃത്ത്, നേരിനെയെന്നു തിരിച്ചറിയുന്നുഞാൻ; എന്നിലെ വിശ്വാസം തുണയായ്മാറുവാ- നുൽസാഹപൂർവ്വമതുറ്റുനോക്കുന്നു ഞാൻ. ചാനലിൽ ചർച്ചകളേറെ നടന്നാലും നേരുകണ്ടെത്തുവാനാകാതെപോകുന്നു; കാരണം നേരുകണ്ടെത്തുവാനല്ലല്ലോ, നേരം കളയുവാനുള്ളതാണിന്നിവ. ബ്രേക്കിങ് ന്യുസുകൾക്കായുള്ള പാച്ചിലിൽ എല്ലാം തകർക്കുന്ന ലേഖകസോദരർ, സഞ്ചിയിൽ സഞ്ചിതവാർത്തയും പേറിക്കൊ- ണ്ടമ്പെയ്തുവീഴ്ത്തുവാൻ നോക്കുന്നിതുചിലർ; കേവലം നേരംപോക്കെന്നതുലാക്കാക്കി നേരത്തെയതുമായെത്തിടും മറ്റവർ. പത്രമാധ്യമങ്ങൾ പതിരിൻ കണക്കതായ് പത്തരലക്ഷം ജനങ്ങൾക്കുവീതമായ്; പൊയ്പോയ കാലത്തെ പത്രങ്ങളിലെല്ലാം വേണ്ടുവോളം നേരായതുണ്ടായിരുന്നു; മുൻവിധികളങ്ങതേതുമതില്ലാതെ വേണ്ടുവോളം കണ്ടു നേരിൻ കണികകൾ; അന്നു ഞാൻ കാണുന്ന വാർത്തക്കു പിറ്റേന്ന് കോട്ടമൊട്ടുമതെന്നുമേൽക്കാതിരു ന്നു; ആയതിനാൽ നൂറു വർഷങ്ങൾ മുമ്പുള്ള താളുകളെയിന്നുമാശ്രയിച്ചീടുന്നു . മാധ്യമധർമ്മമെന്നുള്ള പദം തീർത്തും പത്തരമാറ്റിന്റെ പൊന്നുപോലിരുന്നു. കാ...