നേരറിയാൻ
എവിടെ നോക്കേണ്ടു നേരൊന്നറിഞ്ഞിടാൻ,
എന്തുഞാൻ കാണേണ്ടു സത്യം നുണഞ്ഞിടാൻ,
എങ്ങുമെന്നും കേൾപ്പതു തങ്ങൾതൻ ഭാഷ്യം
മൂകസാക്ഷികളായിന്ദ്രീയങ്ങളഞ്ചും ;
എന്തിനോവേണ്ടി ത്രസിക്കുന്നതെൻഹൃത്ത്,
നേരിനെയെന്നു തിരിച്ചറിയുന്നുഞാൻ;
എന്നിലെ വിശ്വാസം തുണയായ്മാറുവാ-
നുൽസാഹപൂർവ്വമതുറ്റുനോക്കുന്നു ഞാൻ.
ചാനലിൽ ചർച്ചകളേറെ നടന്നാലും
നേരുകണ്ടെത്തുവാനാകാതെപോകുന്നു;
കാരണം നേരുകണ്ടെത്തുവാനല്ലല്ലോ,
നേരം കളയുവാനുള്ളതാണിന്നിവ.
ബ്രേക്കിങ് ന്യുസുകൾക്കായുള്ള പാച്ചിലിൽ
എല്ലാം തകർക്കുന്ന ലേഖകസോദരർ,
സഞ്ചിയിൽ സഞ്ചിതവാർത്തയും പേറിക്കൊ-
ണ്ടമ്പെയ്തുവീഴ്ത്തുവാൻ നോക്കുന്നിതുചിലർ;
കേവലം നേരംപോക്കെന്നതുലാക്കാക്കി
നേരത്തെയതുമായെത്തിടും മറ്റവർ.
പത്രമാധ്യമങ്ങൾ പതിരിൻ കണക്കതായ്
പത്തരലക്ഷം ജനങ്ങൾക്കുവീതമായ്;
പൊയ്പോയ കാലത്തെ പത്രങ്ങളിലെല്ലാം
വേണ്ടുവോളം നേരായതുണ്ടായിരുന്നു;
മുൻവിധികളങ്ങതേതുമതില്ലാതെ
വേണ്ടുവോളം കണ്ടു നേരിൻ കണികകൾ;
അന്നു ഞാൻ കാണുന്ന വാർത്തക്കു പിറ്റേന്ന്
ആയതിനാൽ നൂറു വർഷങ്ങൾ മുമ്പുള്ള
താളുകളെയിന്നുമാശ്രയിച്ചീടുന്നു .
മാധ്യമധർമ്മമെന്നുള്ള പദം തീർത്തും
പത്തരമാറ്റിന്റെ പൊന്നുപോലിരുന്നു.
കാലത്തിടവേളയൊട്ടുമേയില്ലാതെ
ചൂടപ്പംപോൽ ഞാൻ നിത്യം നേരുനുകർന്നു,
അങ്ങിനെയുള്ളൊരു ഞാനിന്നുനാലോളം
പത്രങ്ങളിലൂടെ നേരുചികയുന്നു;
നാലുമണിക്കൂറുപിന്നിട്ടതിൻ ശേഷം
എത്തിനിൽക്കുന്നതോ നാലോളം നേരതിൽ.
എന്നിലേക്കിതാദ്യമായ് ഞാനാഴ്ന്നിറങ്ങി,
കണ്ടിതു വ്യത്യസ്തനായതൊരാളിനെ,
നോട്ടപ്പിശകുമായ് നോക്കിടുമെങ്കിൽ ഞാൻ
കോട്ടങ്ങളല്ലാതെ മറ്റെന്തുകണ്ടിടാൻ?
പത്രങ്ങളെ മാത്രം കുറ്റം പറഞ്ഞിട്ട്
രക്ഷനേടുവാനൊട്ടുമാകില്ലെനിക്ക്,
എവ്വിധം ജനാധിപത്യത്തിലെന്നുമേ
ലഭിപ്പതുജനമർഹിച്ചിടും സർക്കാർ,
അവ്വിധം വായനക്കാരനതുമാറ്റും
എന്നിലെ വായനക്കാരൻ മരിച്ചിട്ടു
കാലങ്ങൾ പോയ് മറഞ്ഞെന്നതറിഞ്ഞില്ല;
നല്ലെഴുത്തിന്റെ സഹചാരിയായിട്ട-
തെന്നിലെ ശീലത്തെ ഞാൻ വാർത്തെടുത്തിടും,
സാധന കൈമുതലാക്കി ഞാനെന്നുടെ
ഗതകാല വായന അഭയമാക്കും,
നിധിപോലെ കാത്തിടും ഞാനെന്നുമേറ്റം
വൈകിയാണെങ്കിലുമുദിച്ച വിവേകം:
"മാറുക, എന്നിലെ വായനക്കാര, നീ ;
അറിയുക, നീ തന്നെ ബ്രഹ്‌മാവതെന്നും!"
Good 👍👍
ReplyDeleteNice ....👍
ReplyDeleteഅതി മനോഹരം
ReplyDeleteഒരായിരം നന്ദി
Delete