യക്ഷി
വടിവാർന്നൊരുടലിന്നതുടമയാം യക്ഷി,
മലയിലൊരലപോലെയുലയിലെ യക്ഷി ;
നിറമാറിൽ തറയ്ക്കുന്നിതറിയാതെൻ കൺകൾ,
വഴിപിഴയാതെ ഞാനതൊഴിവാക്കി വേഗം.
വർത്തമാനമർത്ത്യനെന്നും വാർത്തയാകും യക്ഷി,
ശോകമൂകലോകമതിന്നേകസാക്ഷി യക്ഷി;
വിശ്രമത്തിനാശ്രയിച്ചു മിശ്രഭാവം പേറും,
ഭംഗിയുള്ളൊരംഗനക്കും രംഗവേദിയാകും.
തന്നെയുന്നമിട്ടവർക്കു മന്നായായ യക്ഷി,
മങ്കയെന്ന ശങ്കയേതും പങ്കിടാത്ത യക്ഷി ;
അംഗഭംഗമേറ്റിടാതെ ലിംഗഭംഗിയോടെ ,
വിചിത്രയായ് പവിത്രയായ് സുമിത്രയായ് നിൽപ്പൂ.
മത്സരത്തിന്നുത്സവത്തിൻ വത്സലയായ് യക്ഷി,
എത്രമാത്രം ചിത്രങ്ങൾക്കു പാത്രമായി യക്ഷി ;
പണ്ടുതൊട്ടേ കണ്ടുനിൽക്കാനുണ്ടു നീണ്ടനിര,
വാക്കും നോക്കും പോക്കുമെല്ലാമാസ്വദിച്ചു നീയും.
കഷ്ടനഷ്ടബോധമിഷ്ടമായിടാത്ത യക്ഷി,
വല്ലഭനോടതുതെല്ലും മല്ലിടാതെ യക്ഷി ;
പറ്റുകില്ല മാറ്റുവാൻ ചാറ്റലിനോ കാറ്റിനോ,
വട്ടമിട്ടടുത്തിടും പക്ഷി ശ്രേഷ്ഠനൊട്ടുമേ.
കരവിരുതിൻ ചാരുതയാൽ മേരുപോൽ യക്ഷി,
മാലിനിപോൽ കല്ലോലിനിതൻ ചാരെയായ് യക്ഷി ;
തിക്കിലും തിരക്കിലും തൂക്കുപാലം കാത്തിടും,
പിച്ചവെച്ചുനീങ്ങിടുന്ന കൊച്ചിനെയുമെന്നും.
നാടുതോറും കാടുതോറുമോടിടാത്ത യക്ഷി,
തളർച്ചയോ വിളർച്ചയോ തകർക്കാത്ത യക്ഷി;
വമ്പതില്ല വീമ്പില്ല പമ്പരം കറക്കലും,
തന്ത്രവും കുതന്ത്രവും തലേണമന്ത്രമേതും.
കച്ചകെട്ടിയൊച്ചവെച്ചു നീങ്ങിടാത്ത യക്ഷി,
വൃദ്ധരായോർ ബദ്ധശ്രദ്ധം കണ്ടിടുന്ന യക്ഷി ;
കൃത്യമായി നിത്യവും ശൈത്യമുള്ള കാലവും,
മഞ്ഞതിൽ വിരിഞ്ഞു പൂത്തുലഞ്ഞു നീ നിന്നിടും.
അമാന്യതയ്ക്കതന്യമാം വന്യജീവി യക്ഷി,
ലഭ്യമായ സഭ്യതയോടഭ്യസിക്കും യക്ഷി ;
ശില്പിതന്റെ കൽപ്പനയതൽപ്പവും ചോരാതെ,
കൺകുളിർക്കെ കാണുവാനെണ്ണമറ്റവർ വരും.
ചുണ്ടനക്കി പണ്ടുമുതൽ മിണ്ടിടാത്ത യക്ഷി,
ബന്ദതിനാൽ ബന്ദിയാവാതിന്ദുമതി യക്ഷി ;
സഞ്ചിതമാം പഞ്ചലോഹ കഞ്ചുകമതില്ലാ -
തെന്തിനോ വെന്തുരുകിയിതന്തിയുറങ്ങുന്നു!
അസ്ത്രശസ്ത്രവസ്ത്രമേതുമതില്ലാ തെ യക്ഷി,
വ്യക്തികൾക്കുമുക്തിയേകാൻ ശക്തിയുള്ള യക്ഷി;
ആരാമത്തിൽ രമിപ്പോർക്കൊരനുഭൂതിയാകും,
പഞ്ചമിക്കും പാഞ്ചാലിക്കും പഞ്ചാബിക്കും തോഴി.
തനതാം താനകത്തിൽ കാനായി നൂറ്റ യക്ഷി,
മണ്ണതിനും വിണ്ണതിനും കണ്ണിയാകും യക്ഷി ;
വന്നവർക്കും ചെന്നോർക്കുമൊന്നുപോൽ പ്രിയങ്കരി,
നഗ്നയായ് പഞ്ചാഗ്നിയിൽ നിമഗ്നമായിടുമ്പോൾ!
20-11-2021.
Superb Dasa👌👌👌
ReplyDelete👌👌👌
ReplyDeleteNice sir
ReplyDeleteVery interesting writeup
ReplyDelete