എൻ്റെ നിള


മഴുവെറിഞ്ഞുണ്ടായ കേരളത്തിൻ മധ്യേ

 നിത്യവും കുറുകെ ചലിച്ചവളെൻ നിള

 കേരളപ്പുഴയെന്ന പേരിന്നുപകരമായ്

 ഭാരതപ്പുഴയെന്ന കീർത്തിയാർജ്ജിച്ചവൾ

 ഉദയാസ്തമയങ്ങളിവളെത്ര കണ്ടു

 ലക്ഷോപലക്ഷം ഗ്രഹണങ്ങളും കണ്ടു

 കണ്ടു പിന്നെ കുറെ മാനവരാശി തൻ

 മധുരമാം നേട്ടവും കയ്പുള്ള കോട്ടവും

 അറബിക്കടലിൻ്റെ  മണവാട്ടിയായതിൻ

 വിരിമാറിലമരുവാൻ വെമ്പലോടെന്നും

 നുരയും പതയുമായ് ക്ഷമകെട്ടൊഴുകിയ

 നിന്നുടെ മൃദുലമാം മേനിയിലിന്നില്ല

 ഗാന്ധർവ്വകേളിതൻ താളവും മേളവും

 സഹ്യനഭിമാനപൂർവ്വമിതോർക്കും

 ഇവളെൻ്റെ  പ്രിയപുത്രി നളിനമുഖി

 നിളയെന്നപേരിൽ നദികളിൽ പ്രമുഖമാം

 ഒരു സ്ഥാനമൊരുനാളിവൾ വഹിച്ചു

 തുള്ളലും കൂത്തും കഥകളിയും കണ്ടു

 നിദ്രാവിഹീനയായിവൾ മദിച്ചു

 സമ്പുഷ്ടമായ നിൻ കൈവഴിയോരോന്നും

 എവ്വിധം തീർത്ഥം വഹിച്ചിരുന്നു

 എങ്കിലവയിന്നു നിന്നുടെ സംഹാര-

 ദൂതുമായെത്തുന്ന പാഷാണപാത്രങ്ങൾ

 തട്ടിയും മുട്ടിയും തെന്നിത്തെറിച്ചും

 കളകള പാടിയും കുളിർകാറ്റുതിർത്തും

 മക്കളെ കാത്തും സംഹാരമാടിയും

 നീങ്ങേണ്ട നീയിതാ നാടുനീങ്ങുന്നു

 മണൽമെത്തയില്ലാതെ തീരത്തെ പുണരാതെ

 തടയണക്കുള്ളിലൊരു തടവുപുള്ളിയായ്

 പ്രതിബിംബം ചിതറാത്ത കണ്ണാടിയായി

 ഗതിയേതുമില്ലാതെ നിലകൊണ്ടിടുന്നു നീ

 കേരളജനതതൻ  ഹൃത്തിലൊരുചരിത-

 മെഴുതിയിട്ടാടിയും പാടിയും നീങ്ങുന്ന നേര-

 ത്തൊന്നുനിനച്ചുവോ തെല്ലുപോലെങ്കിലും

 വന്നുഭവിക്കുമീ ദുർവ്വിധിയെന്നു നീ?

 യാത്രാമൊഴിപോലുമരുളാതെ  നീയെന്നെ

 തീരാത്ത നഷ്ടദുഃഖത്തിലാഴ്ത്തി

 ഗതികിട്ടാതുള്ള നിന്നലയലിൻ ഹേതുവാ-

 ണെന്നുള്ള കുറ്റമതേറ്റുവാങ്ങുന്നു ഞാൻ.



Comments

Post a Comment

Popular posts from this blog

യക്ഷി

ഗൊബ്ബിയാള